02 December 2011

ഒരു തണുത്ത സായാഹ്നത്തിലെ മഴചിത്രം.....


മഴ.......
അതെപ്പോഴും എനിക്ക് പ്രിയപ്പെട്ടതായിരുന്നു ......
പണ്ട് കൂട്ടുകാരുമൊത്ത് മഴയത്തിറങ്ങി നടന്നു കളിക്കുമ്പോള്‍ അമ്മ വിളിക്കുന്നത്‌ കേള്‍ക്കാം മോനേ......
ഇപ്പൊ വരാമ്മെ ഇതുകൂടി കഴിയട്ടെ ഒരു പത്തുമിനിറ്റ്‌......
പിന്നീട് ജലദോഷവുമായി കഷ്ടപ്പെടുമ്പോഴും അമ്മയല്ലാതെ ആരും ദാക്ഷിണ്യം കാട്ടാറില്ല..... അപ്പോള്‍ പറയേണ്ടിവരും  ഞാന്‍ മഴയെക്കാള്‍ ഏറെ അമ്മയെ തന്നെ ആണിഷ്ടപ്പെടുന്നത്.....
എന്നിട്ടും മഴയെ വെറുക്കാന്‍ കാരണങ്ങള്‍ തിരഞ്ഞില്ല.....
ഇഷ്ടപ്പെടുവാനും ......
കോളെജിലേക്ക് മഴയത്തു കുടയില്ലാതെ നടന്നുകയറാന്‍ തുടങ്ങുമ്പോഴേക്ക് എന്നെ മഴ നനക്കാതിരിക്കാന്‍ അവള്‍ തന്‍റെ കുട പകുത്തപ്പോഴും ഞാന്‍ മഴയെ കൂടുതല്‍ ഇഷ്ടപ്പെടുകയായിരുന്നു..... അവളുടെ പേര് ഒര്‍മയില്ലത്തതോ അതോ മനപ്പുര്‍വ്വം മറന്നതോ..... അറിയില്ല.....കൂട്ടുകാരുടെ മുന്‍പിലേക്ക് അവളോടൊപ്പം നടന്നു കയറാതെ ഞാന്‍ ഓടിയകന്നപ്പോള്‍ പിന്തിരിപ്പിക്കാന്‍ അവള്‍ ശ്രെമിച്ചിരുന്നോ....? അത് ശ്രെദ്ധിവാനുള്ള ബുദ്ധി അന്ന് പോയില്ല..... സാരമില്ല പോട്ടെ.

ഇന്നിപ്പോള്‍ സുഹൃത്ത്‌ പറഞ്ഞതനുസരിച്ച് ബ്ലോഗ്‌ പുനര്‍ക്രമീകരിച്ചപ്പോള്‍ തോന്നിയ തോന്നലാ മഴയെക്കുറിച്ച് എഴുതാന്‍.....

ബഹ്‌റൈന്‍ ജീവിതത്തില്‍ മഴ എപ്പോഴും ഒരു അതിഥി ആയിരുന്നു.
അതിഥി എന്നുവച്ചാല്‍ വല്ലപ്പോഴും വരികയും ഒരു ദിവസം മാത്രം താമസിക്കുകയും ചെയ്യുന്ന ആള്‍.... രണ്ടാം ദിവസമായാല്‍ അതിഥി അല്ലാതാകും ശ്രെദ്ധിക്കണം എന്‍റെ കൂട്ടുകാരും.....
മഴ ഇവിടുത്തെ അനുഭവം കൊണ്ട് മനസ്സിലാക്കിയത്‌ കാലാവസ്ഥാവ്യതിയാനത്തിന്‍റെ അടയാളം മാത്രമാണെന്നാണ്.... മഴയെതുടര്‍ന്നുവരുന്ന തണുത്ത അന്തരീക്ഷം ആണിപ്പോള്‍ ഇവിടെ. ഡിസംബര്‍ തുടങ്ങിക്കഴിഞ്ഞു ക്രിസ്മസ് കരോള്‍ ഗാനങ്ങള്‍ പാടിപ്പടിക്കാന്‍ തുടക്കമിട്ടുകഴിഞ്ഞിരിക്കുന്നു, സല്‍മാനിയയിലുള്ള ഒരു വില്ലയില്‍ ആണ് ഞങ്ങള്‍ ഒത്തുകൂടുന്നത്. മടികാരണം ഇന്നെങ്ങും പോയില്ല അവധി ആയിരുന്നിട്ടും. എം സി വൈ എം ഇവിടെയുമുണ്ട്. സജ്ജീവപ്രവര്‍ത്തകനാണെന്നു പറഞ്ഞാല്‍ അങ്ങിനെയുള്ളവര്‍ സമ്മതിക്കില്ല... പറ്റുന്നതുപോലെ ഞാനും കൂടും അവരോടൊപ്പം..

വീണ്ടും മഴയിലേക്ക്.....
“മഴ എനിക്കിഷ്ടമാണ്.....
മഴനനഞ്ഞ് പനിയും നീര്‍ദോഷവും വന്നാല്‍ തലവേദന തന്നെ എങ്കിലും എനിക്കിഷ്ടമാണ് മഴയെ” എന്നാരോ മുഖപുസ്തകത്തിന്‍റെ ചുവരില്‍ എഴുതിയതോര്‍ക്കുന്നു..... ഞാനതിനെ ഇഷ്ടപ്പെടുവാന്‍ മറന്നില്ല. മഴത്തുള്ളികള്‍ സ്ഫടികത്തില്‍ നിന്നും താഴെക്കുവീഴാന്‍ വെമ്ബിനില്‍ക്കുന്ന ചിത്രം തന്റെ ക്യാമറയില്‍ ഒപ്പിയെടുത്ത സുഹൃത്തിനെ ഇപ്പോള്‍ ഓര്‍ക്കുന്നു. അവളെ (മഴയെ) എന്റെ പരിധിക്കുള്ളിലേക്ക് പകര്‍ത്താന്‍ ആഗ്രഹമുണ്ട്.... അടുത്ത മഴക്കാലം വരെ കാതിരിക്കുകതന്നെ...... ഇതെഴുതുമ്പോഴും ഇക്കഴിഞ്ഞമഴയുടെ ബാക്കിപത്രമായി നില്‍ക്കുന്ന തണുപ്പില്‍നിന്നും മുക്തി നേടാന്‍ കഴിയാതെ ഇരിക്കുകയാണ് കുറച്ചു സുഹൃത്തുക്കള്‍ ഇവിടെന്നോടൊപ്പം. മഴയെക്കുറിച്ചുപറയാന്‍ ഇനിയും എന്‍റെ വാക്കുകള്‍ക്കു ശക്തി പോരാത്തതുപോല.... തണുത്തിരിക്കുന്ന വിരലുകള്‍ ക്ഷമ പറഞ്ഞുതുടങ്ങി...... ഞാന്‍ നിര്‍ത്തുകയാണ് തല്‍ക്കാലത്തേക്കെങ്കിലും....
ഇടക്കൊന്നു പറഞ്ഞുകൊള്ളട്ടെ എന്നിട്ടും...
“മഴഞാനറിഞ്ഞിരുന്നില്ല............”